Wednesday 6 June 2018

അര്‍ജന്റീന – ഇസ്രയേല്‍ ലോകകപ്പ്‌ സന്നാഹ മത്സരം ഉപേക്ഷിച്ചു

ഗാസയില്‍ പാലസ്തീനികളെ ഇസ്രായേൽ കൈകാര്യം ചെയ്യുന്നതിനെതിരെ ലോകമെമ്പാടും ഉയര്‍ന്ന രാഷ്ട്രീയ സമ്മർദ്ദം മൂലം അർജന്റീന ഇസ്രയേലിനെതിരെ കളിക്കേണ്ടിയിരുന്ന ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു. അർജൻറ്റിനയുടെ സ്ട്രൈക്കർ ഗോൺസാലോ ഹിഗ്യുൻ ഇഎസ്പിഎൻ സ്പോർട്സ് ചാനലിനു കൊടുത്ത അഭിമുഖത്തിലാണ് മത്സരം റദ്ദാക്കിയതായി അറിയിച്ചത്. “അവസാനം അവർ ശരിയായ കാര്യം ചെയ്തു,” എന്നാണ് തീരുമാനത്തെക്കുറിച്ച് ഹിഗ്യുൻ പ്രതികരിച്ചത്. അര്‍ജന്റീനയിലുള്ള ഇസ്രയേല്‍ എംബസ്സിയും മത്സരം റദ്ദാക്കിയത് ശരി വെച്ച് കൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.  

മത്സരം റദ്ദാക്കാതിരിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അര്‍ജന്റീനിയന്‍ പ്രസിഡന്‍റ്റ് മൌറിഷ്യോ മാക്രിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഗാസയിലെ പ്രതിഷേധങ്ങളില്‍ ഏര്‍പെട്ടിരിക്കണ പാലസ്തീനികള്‍ക്ക് ആവേശം പകരുന്നതാണ് വാർത്ത. ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ കഴിഞ്ഞയാഴ്ച 120 പാലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. മത്സരം റദ്ദാക്കിയതില്‍ ക്യാപ്റ്റന്‍ മെസ്സിക്കും ടീമംഗങ്ങള്‍ക്കും നന്ദി അറിയിച്ചു കൊണ്ട് പാലസ്തീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ കത്തയച്ചിട്ടുണ്ട്. ലോകകപ്പിന് മുന്‍പുള്ള അര്‍ജന്റീനയുടെ  അവസാന സന്നാഹ മത്സരമായിരുന്നു ഇസ്രയേലുമായുള്ളത്.

No comments:

Post a Comment