Sunday 3 June 2018

ഛേത്രി വിളിക്കുന്നു കോടി ജനങ്ങളെ.. ഇന്ത്യൻ ഫുട്ബോൾ കാണാൻ…!

ഛേത്രി വിളിക്കുന്നു കോടി ജനങ്ങളെ.. ഇന്ത്യൻ ഫുട്ബോൾ കാണാൻ…!



ഹീറോ ഇന്റർ കോണ്ടിനെന്റിൽ കപ്പിൽ ചൈനീസ് തായ്‌പേയ് ടീമിനെതിരെ ഒന്നും രണ്ടും മൂന്നും ഗോളടിച്ച് ഹാട്രിക് പൂർത്തിയാക്കിയ ഇന്ത്യൻ ഗോളടിയന്ത്രം സുനിൽ ഛേത്രി മുംബൈ അറീന സ്റ്റേഡിയത്തിന്റെ ഗാലറിയെ നോക്കി നിരാശനായിട്ടുണ്ടാകും. അയാൾ സങ്കടപ്പെട്ടിട്ടുണ്ടാകും. മലപ്പുറത്തിന്റെ ഉൾ നാടുകളിൽ നടക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാളിന്റെ കാണികളുടെ പാതിയെങ്കിലും മുംബൈ ഗ്രൗണ്ടിന്റെ ഗാലറിയിൽ ഇന്ത്യ ചൈനീസ് തായ് പേയ് മത്സരം കാണാൻ ഉണ്ടായിരുന്നോ എന്ന് സംശയമാണ്.

മത്സരത്തിന്റെ നിലവാരമോ പോരായ്മകളോ പറഞ്ഞു ആ മത്സരത്തെ മാറ്റി നിർത്താൻ കഴിയില്ല .ഒരു ഫുട്ബാൾ ആരാധകനു ആസ്വദിക്കാനും സംതൃപ്തി അടയാനും ഉള്ള എല്ലാ ഘടകവും അന്നത്തെ കളിയിൽ ഉണ്ടായിരുന്നു. എണ്ണം പറഞ്ഞ അഞ്ചു മികച്ച ഗോളുകൾ പിറന്ന മത്സരം കൂടിയാണത്. ആ അഞ്ചിൽ മൂന്നെണ്ണം സുനിൽ ഛേത്രിയുടെ വകയും . ലോകത്ത് ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള കോടിക്കണക്കിനു ആരാധകർ ഉള്ള ഒരു രാജ്യത്തിനു നേടേണ്ടതെല്ലാം നേടി ഒടുവിൽ മറ്റു വൻകിട ക്ലബ്ബ് രാജ്യാന്തര മത്സരങ്ങളിലെ പോലെ ആരാധകരെ സംബോധന ചെയ്യാൻ നേരത്ത് ഒഴിഞ്ഞു കിടക്കുന്ന ഗാലറിയെ ഓർത്ത് ഛേത്രി നിരാശനാകുക മാത്രമായിരിക്കുക. കരച്ചിൽ പോലും വന്നിട്ടുണ്ടാകും.
അതയാൾ മനസ്സിൽ ഒതുക്കിയിട്ടുണ്ടാകും. ആ ഒതുക്കലിൽ നിന്നാകും അയാൾ ഇന്ത്യയെ അവരുടെ രാജ്യത്തിന്റെ ഫുട്ബോൾ കാണാൻ ക്ഷണിച്ചിട്ടുണ്ടാകുക. ഇന്ത്യ എന്ന രാജ്യത്ത് ഒരുപാട് ഫുട്ബോൾ
സ്നേഹികൾ ഉണ്ടെന്ന യാഥാർഥ്യം നില നിൽക്കെ. കാണികളെ ഉണർത്തുന്ന സുനിൽ ഛേത്രി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും ഒരുകാര്യം പറഞ്ഞു കൊടുക്കണം. ഇങ്ങു ദക്ഷിണേന്ത്യയുടെ അറ്റത്ത് കേരളം എന്നൊരു സംസ്ഥാനം ഉണ്ടെന്നും അവിടെ വന്നു പന്ത് തട്ടിയാൽ ആ നാട് മുഴുവൻ ഗാലറിയിലേക്ക് വരുമെന്നും അവർ ഇന്ത്യൻ ഫുട്ബാളിനെ ചുമലിലേറ്റി താരാട്ടുമെന്നും. കാരണം അവർക്ക് ഫുട്ബാൾ ആയാൽ മതി. കാൽ പന്തുകളി അവരുടെ വിശപ്പാണ് ...

നാളെ കെനിയയുമായി കളിക്കാനിറങ്ങുന്ന നമ്മുടെ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയെ കാത്തിരിക്കുന്നത് ഏതൊരു ഫുട്ബോള്‍ കളിക്കാരനും ആഗ്രഹിക്കുന്ന അഭിമാനനിമിഷം.

രാജ്യത്തിനായി 100 മത്സരങ്ങളില്‍ ബൂട്ടണിയുക എന്ന സുവര്‍ണ നേട്ടമാണ് ഛേത്രിയെ കാത്തിരിക്കുന്നത്. ഒരു ഫുട്ബോളറെ സംബന്ധിച്ചിടത്തോളം തന്‍റെ രാജ്യത്തിനായി നൂറ് മത്സരങ്ങളില്‍ ജേര്‍സിയണിയുക എന്നത് വലിയൊരു നേട്ടം തന്നെയാണ്. 

100- മത്തെ മത്സരത്തിനിറങ്ങുന്ന സുനില്‍ ചേത്രിക്ക് എല്ലാവിധ ആശംസകളും നേരുന്നു. 👏

#100forChhetri 😘 #Captain 💪  #IndianFootballTeam 🇮🇳⚽





No comments:

Post a Comment